Tuesday, October 11, 2011

ഗൂഗിൾ ഡോക്സും മാർജിനും


രാവിലെ ഗൂഗിൾ ഡോക്സിൽ ഒരു പുതിയ ഡോക്യുമെന്റ് ഉണ്ടാക്കുന്ന സമയത്താണ് ഒരു കാര്യം ശ്രദ്ധിച്ചത്, മുകളിൽ മാത്രമേ റൂളർ ഉള്ളൂ !! ആയതിനാൽ ഇടത് വലത് മാർജിനുകൾ മാത്രമേ നിയന്ത്രിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ, മുകളിലത്തെയും താഴത്തെയും മാർജിനുകൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല !!




അങ്ങനെ എവന്മാർ മണ്ടന്മാരാണല്ലോ (പൊതുവേ ഞാൻ മാത്രമാണല്ലോ ഏറ്റവും ബുദ്ധിയുള്ളയാൾ) എന്നൊക്കെ ആലോചിച്ചിരുന്നപ്പഴാണ് File -> Page Setup തുറന്നു നോക്കിയത്, എന്തായാലും അവിടെ പേജിന്റെ മുകളിലും താഴെയുമുള്ള മാർജിനുകൾ പറഞ്ഞു കൊടുക്കുവാൻ സാധിക്കുന്നുണ്ട്



അങ്ങിനെ കാര്യം നടന്നു പക്ഷേ ഇടതുവശത്ത് കൂടി റൂളർ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. 

Sunday, November 7, 2010

ഗൂഗിൾ സർച്ച് അപ്ലൈയൻസ്

ഇന്ന് വെറുതെ ഉബുണ്ടു.കോമിൽ കയറി യൂണിറ്റിക്കു വേണ്ടി തിരഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് യു.ആർ.എല്ലിന്റെ അറ്റത്ത് google-appliance, 
http://www.ubuntu.com/search/google-appliance/unity.


അപ്പഴേ ഗൂഗിളെടുത്ത് തപ്പി എന്താണീ ഗൂഗിൾ അപ്ലയൻസ് എന്ന് ?
ഇൻ‌ട്രാനെറ്റുകൾ, വെബ്സൈറ്റുകൾ, ഷെയർപോയിന്റ് പോലയുള്ള ഡോക്യുമെന്റ് മാനേജ്മെന്റ് സംവിധാനങ്ങൾ  തുടങ്ങിയവക്കുള്ളിൽ തിരയാനുള്ള ഒരു ഉപകരണമാണ് ഗൂഗിൾ അപ്ലൈയൻസ് അഥവാ ഗൂഗിൾ സർച്ച് അപ്ലൈയൻസ്, ഗൂഗിളിന്റെ തിരച്ചിൽ ഉപകരണം എന്ന് നമുക്ക് മലയാളീകരിക്കാം.

 ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും അടങ്ങിയ ഈ ഉപകരണം സെന്റോസിൽ(CentOS) ആണ് പ്രവർത്തിക്കുന്നത് എന്ന പറയപ്പെടുന്നു, ഉറപ്പില്ല. ദശലക്ഷക്കണക്കിന് ഫയലുകളും, ഡയറക്ടറികളും അടങ്ങിയ വലിയ നെറ്റ്‌വർക്കുകളിലാവും ഗൂഗിൾ സർച്ച് അപ്ലൈയൻസിന്റെ ഉപയോഗം, ഉദാഹരണത്തിന് വലിയ കോർപറേറ്റുകളുടെ സ്വകാര്യനെറ്റ്‌വർക്കുകളിലും മറ്റും.

 ഗൂഗിൾ സർച്ച് അപ്ലൈയൻസിൽ  രണ്ട് ഈതർനെറ്റ് പോർട്ടുകളുണ്ടാവും ഒന്ന് തിരച്ചിൽ നടത്തേണ്ട നെറ്റ്‌വർക്കിലേക്ക തിരച്ചിൽ ഉപകരണത്തെ  ബന്ധിപ്പിക്കാൻ,  മറ്റൊന്ന് ഉപകരണം ക്രമീകരിക്കുവാനും, ക്രമീകരണങ്ങളിൽ പിന്നീട് മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനായും മറ്റൊരു കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താൻ വേണ്ടി. സർച്ച് അപ്ലൈയൻസിനുള്ളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്ത് കഴിയുമ്പോൾ, അതിനെ ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ ശൃംഖലയുമായും, ആ ശൃംഖലക്കുള്ളിലെ മറ്റ് കമ്പ്യൂട്ടറുകളുമായും ആശയവിനിമയം നടത്താൻ സാധിക്കുന്നു. ഇങ്ങനെ ക്രമീകരിച്ച അപ്ലൈയൻസിന് പ്രാരംഭനടപടിയായി നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ച് അതിലെ ഉള്ളടക്കങ്ങളിലൂടെ കടന്ന് പോയി ഒരു സൂചിക സൃഷ്ടിക്കുവാനുള്ള നിർദ്ദേശം കൊടുക്കണം. ഇതിന് ക്രോൾ ആൻഡ് ഇൻഡക്സ് (crawl and index) എന്ന് പറയുന്നു. ഇങ്ങനെ സൃഷ്ടിച്ച സൂചികയിൽ നിന്നാണ് തിരച്ചിൽ നടത്തുന്ന ഉപയോക്താവിന് വേണ്ട ഫലങ്ങൾ ലഭിക്കുന്നത്.

എച്.റ്റി.റ്റി.പി പ്രോട്ടോക്കോൾ വഴിയാണ് ഉപകരണത്തിലേക്ക് തിരച്ചിൽ നിർദ്ദേശങ്ങൾ കൊടുക്കുന്നതും, ഫലം ഉപയോക്താവിലേക്ക് കൈമാറുന്നതും. 

എന്തായാലും ഒരു കാര്യം മനസിലായി കാനോണിക്കൽ ഗൂഗിൾ സർച്ച് അപ്ലൈയൻസ് വാങ്ങിയിട്ടുണ്ട്, www.ubuntu.com വെബ്സൈറ്റിന്റെ തിരച്ചിൽ സംവിധാനവുമായി അതിനെ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.


അവലംബം :

Sunday, October 31, 2010

ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ബോട്ട്

ചാറ്റ് സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരാളെക്കൂടി കൂട്ടൂ,
  • ജിമെയിൽ ചാറ്റിൽ - mldict@bot.im
  • യാഹൂചാറ്റിൽ - mldict@yahoo.com
ഇംഗ്ലീഷ് വാക്കുകളുടെ ഓളം(www.olam.in)എന്ന ഓൺലൈൻ ഡിക്ഷ്ണറിയിൽ പോയി നോക്കി നിങ്ങൾക്ക് അർഥം പറഞ്ഞുതരുന്ന ഒരു സുഹൃത്ത്.

ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി ചാറ്റ് ബോട്ട് ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു, ഒരുവിധം വിജയിച്ചെന്നു തോന്നുന്നു. സ്വന്തമായി ഡിക്ഷ്ണറി ഡാറ്റാബേസ് ഒന്നുമില്ലാത്തതിനാൽ ഓളം ഡിക്ഷ്ണറിയാണ് ഉപയോഗിച്ചിരിക്കുന്നത്. കോഡ് എഴുതാനും ഹോസ്റ്റ് ചെയ്യാനും ത്രാണിയില്ലാത്തതിനാൽ ഐഎമ്മിഫൈഡിന്റെ സഹായത്തോടെയാണ് ബോട്ട് ഓടുന്നത്.

എക്സ്.എം.പി.പി (XMPP) അഥവാ ജാബർ പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന ചാറ്റ് നെറ്റ്‌വർക്കുകളിൽ mldict@bot.im എന്ന ഐഡി ചാറ്റിൽ ചേർക്കുക. ചാറ്റിൽ ടൈപ്പ് ചെയ്ത് കൊടുക്കുന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം അപ്പപ്പോൾ ഓളത്തിൽ നിന്നെടുത്ത് മറുപടിയായി ലഭിക്കുന്നതായിരിക്കും

ഗൂഗിൾ ചാറ്റ് എക്സ്.എം.പി.പി പിന്തുണയ്ക്കുന്നതു കൊണ്ട് mldict@bot.in ചാറ്റിൽ ചേർക്കാൻ സാധിക്കും, അല്ലെങ്കിൽ ml.dictionary@gmail.com എന്ന ഐഡി ആഡ് ചെയ്താലും മതി.
യാഹൂ ഉപയോഗിക്കുന്നവർ mldict@yahoo.com എന്ന ഐഡി ചാറ്റിൽ ചേർക്കുക. എം.എസ്.എൻ ഐഡി ഉണ്ടാക്കിനോക്കിയെങ്കിലും പ്രവർത്തിക്കുന്നില്ല.

ഗൂഗിൾ(ml.dictionary@gmail.com), യാഹൂ(mldict@yahoo.com) ബോട്ടുകളിൽ അടുപ്പിച്ചടുപ്പിച്ച് വാക്കുകൾ അടിച്ചുകൊടുക്കുമ്പോൾ ചില സമയങ്ങളിൽ മറുപടി കിട്ടാതെ വരുന്നുണ്ട് അല്പസമയം കഴിയുമ്പോൾ ശരിയാവുകയും ചെയ്യും. mldict@bot.in ന് അങ്ങിനെ ഒരു പ്രശ്നം കാണുന്നില്ല, നന്നായി പ്രവർത്തിക്കുന്നു.

ബോട്ട് നിർമ്മാണം
ചാറ്റ് ബോട്ടുണ്ടാക്കുവാൻ താല്പര്യമുള്ളവർക്ക്,www.imified.com ൽ ഒരു അക്കൌണ്ട് സൃഷ്ടിച്ച് തുടങ്ങാവുന്നതാണ്, സൌജന്യമായി ലഭിക്കുന്ന അക്കൌണ്ടിനൊപ്പം “bot.im” ഡൊമെയ്നിലുള്ള ഒരു ജാബർ ഐഡിയും ലഭിക്കും. ജാബർ/എക്സ്.എം.പി.പി പ്രോട്ടോക്കോൾ പിന്തുണയ്ക്കുന്ന ഏത് നെറ്റ്‌വർക്കിലും ഈ ഐഡി ഉപയോഗിക്കാം. ഇനി ചെയ്യേണ്ടത് ഈ ഐഡിയുമായി നമ്മുടെ ആപ്ലിക്കേഷൻ ബന്ധപ്പെടുത്തുക എന്നതാണ്. എച്.റ്റി.റ്റി.പി(HTTP) പ്രോട്ടോക്കോൾ വഴി സന്ദേശങ്ങൾ സ്വീകരിക്കുവാനും അതുവഴി തിരിച്ച് മറുപടികൾ അയക്കുവാനും കഴിയുന്നവയും, ഒരു യു.ആർ.എൽ(URL), അതായത് ഇന്റർനെറ്റിൽ ഒരു വിലാസമുള്ളവയും ആയിരിക്കണം നമ്മുടെ ആപ്ലിക്കേഷൻ. ഉദാഹരണത്തിന് ഒരു അപ്പാച്ചെ വെബ് സെർവറിൽ ഇട്ടിരിക്കുന്ന ഒരു പി.എച്.പി താൾ.

നമ്മുടെ ആപ്ലിക്കേഷന്റെ യു.ആർ.എൽ www.imified.com ൽ ഉണ്ടാക്കിയ അക്കൌണ്ടിന്റെ ക്രമീകരണതാളിൽ കൊടുക്കാൻ സാധിക്കും.
ആപ്ലിക്കേഷൻ വിലാസം (URL) ഐഎമ്മിഫൈഡിനുള്ളിൽ കൊടുക്കുന്ന വിധം

ബോട്ടിനെ ചാറ്റിൽ കൂട്ടിയിട്ടുള്ള ആളുകൾക്ക് ചാറ്റിൽ സന്ദേശങ്ങൾ അയക്കാനും , അവർ ചാറ്റിൽ അയച്ചുതരുന്ന വാക്കുകളോ അക്ഷരങ്ങളോ പരിശോധിച്ച് അതിനനുസരിച്ച് മറുപടി അയക്കുവാനും മറ്റും സാധിക്കുന്നു.

AIM, Yahoo, Twitter, Windows Live തുടങ്ങിയ ഇതര നെറ്റ്‌വർക്കുകളുമായും നമ്മുടെ ഐഎമ്മിഫൈഡ് അക്കൌണ്ടിനെ ബന്ധപ്പെടുത്താം, പക്ഷെ അത്ര നന്നായി പ്രവർത്തിക്കുന്നില്ല.
മറ്റ് നെറ്റ്‌വർക്കുകളുമായി ബോട്ടിനെ ബന്ധപ്പെടുത്തുവാൻ ഐഎമ്മിഫൈഡിനുള്ളിലുള്ള ക്രമീകരണം

പി.എച്.പിയിലാണ് കോഡ് എഴുതുന്നതെങ്കിൽ http://www.000webhost.com/ ൽ സൌജന്യ പി.എച്.പി- മൈ എസ്.ക്യു.എൽ ഹോസ്റ്റിങ്ങ് ഉണ്ട്, പരീക്ഷണങ്ങൾക്ക് ഇത് ധാരാളം മതിയാവും

Friday, April 16, 2010

ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ്

ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ്
ബ്ലോഗറില്‍ പുതുതായി ചേര്‍ത്തിട്ടുള്ള സംവിധാനങ്ങള്‍ പരീക്ഷിച്ചു നോക്കുവാനുള്ള ഒരു വേദിയാണ് ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ്. എല്ലാവര്‍ക്കുമായി കൊടുക്കുന്നതിനു മുന്‍പായി ഉപയോക്താക്കളില്‍ നിന്നും പ്രതികരണങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഒരു അവസാന വട്ട പരീക്ഷണം, എന്തായാലും പുതിയ സവിശേഷതകള്‍ കാണുവാനും ഉപയോഗിക്കുവാനും  നമുക്കും ഒരവസരം.

 ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റിലേക്ക് പോകുവാന്‍
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ് പരീക്ഷിക്കുവാനായി ഡ്രാഫ്റ്റ്.ബ്ലോഗര്‍ ‍.കോം എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക.

ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ് വിശേഷങ്ങള്‍
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റിലെ പുതിയ വിശേഷങ്ങള്‍ അറിയാനായി ഈ ബ്ലോഗ് വായിക്കുക - ബ്ലോഗര്‍‌ഇന്‍ഡ്രാഫ്റ്റ്.ബ്ലോഗ്സ്പോട്ട്.കോം

Wednesday, September 16, 2009

ഗൂഗിൾ വേവ് വരുന്നു...

ഗൂഗിളിന്റെ പുതിയ ഒരു കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം വരുന്നു ഗൂഗിൾ വേവ് (Google wave) എന്ന പേരിൽ. ഇമെയിൽ, ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ്, വിക്കികൾ, വെബ്ചാറ്റ്, സോഷ്യൽ നെറ്റ്‌‌വർക്കിങ്ങ് കൂടാതെ പ്രോജക്റ്റ് മാനേജ്മെന്റ് എന്നി കാര്യങ്ങൾ വേവ് എന്ന ഒറ്റ കമ്മ്യൂണിക്കേഷന്‍ ക്ലയന്റ് ഉപയോഗിച്ച് നടത്താമെന്ന് പറയപ്പെടുന്നു

ഗൂഗിളിന്റെ വാക്കുകളനുസരിച്ച് ഇത് ഗൂഗിൾ വെബ് റ്റൂൾ കിറ്റ് ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ഒരു എച്ച്റ്റിഎംഎൽ 5 ആപ്ലിക്കേഷനാണ്. ഒരു സമ്പൂർണ്ണ റ്റെക്സ്റ്റ് എഡിറ്റർ, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് (അതായത് വലിച്ചിടൽ ;)), ഗാഡ്ജറ്റുകൾ, എക്സ്റ്റെന്‍ഷനുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ട്.

വേവിന്റെ പ്രവർത്തനത്തിനെപ്പറ്റി അറിയാന്‍ കഴിഞ്ഞ് കാര്യങ്ങൾ
ഗൂഗിൾ വേവ് ഉപയോഗിച്ച് നമുക്ക് ഒരു വേവ് (ഒരു വേവിനെ തൽക്കാലം നമുക്ക് ഒരു ചാറ്റ് റൂമിനോട് ഉപമിക്കാം)സ്രൃഷ്ടിക്കാം, ഈ വേവിലേക്ക് നമുക്കാവശ്യമുള്ള ആളുകളെ ചേർക്കാന്‍ സാധിക്കും. വേവിലുള്ള എല്ലാവർക്കും ഫോർമാറ്റഡ് റ്റെക്സ്റ്റ്, ചിത്രങ്ങൾ, ഗാഡ്ജറ്റുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാണ്. തുടങ്ങി വച്ച വേവിൽ ചാറ്റ്, ഡോക്കുമെന്റ് കൈമാറലുകൾ എന്നിങ്ങനെയുള്ള പ്രക്രിയകൾ നടക്കുകയും വേവ് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും. നാം സ്രൃഷ്ടിച്ച വേവ് അവസാനിച്ചു കഴിഞ്ഞോ അല്ലെങ്കില്‍ ഇടയ്ക്കു വച്ചോ റീവൈന്‍ഡ് ചെയ്തു സംഭവിച്ച കാര്യങ്ങൾ വീണ്ടും കാണാന്‍ സാധിക്കും.

വേവിന്റെ ചില ഗുണഗണങ്ങൾ
  • റിയൽ ടൈം
    വേവിൽ നടക്കുന്ന കാര്യങ്ങൾ നമുക്ക് തത്സമയം കാണുവാന്‍ സാധിക്കുന്നു, ഉദാഹരണത്തിന് നാം സ്രൃഷ്ടിച്ച അല്ലെൽ നാം അംഗമായിട്ടുള്ള വേവിലുള്ള നമ്മുടെ ഒരു സഹപ്രവർത്തകനോ സുഹ്രൃത്തോ ടൈപ്പ് ചെയ്യുന്നത് അക്ഷരം പ്രതി നമുക്ക കാണുവാന്‍ കഴിയും .
  • ആപ്ലിക്കേഷനുകളും എക്സ്റ്റെന്‍ഷനുകളും ചേർക്കുവാന്‍ സാധിക്കും
    ഡെവലപ്പർമാർക്ക ആപ്ലിക്കേഷനുകളും എക്സ്റ്റെന്‍ഷനുകളും നിർമ്മിക്കുവാനും വേവിലേക്ക് ചേർത്ത് പ്രവർത്തിപ്പിക്കുവാനും സാധിക്കും.
  • വിക്കി സവിശേഷതകൾ
    വേവിനുള്ളിൽ എഴുതപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കാണാനും തിരുത്താനും പറ്റും.
  • ഓപ്പൺ സോർസ് ആണ് വേവ്
  • പ്ലേബാക്ക് സംവിധാനം
  • ഫയലുകൾ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാന്‍ പറ്റും
  • വാക്കുകൾ ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ചുള്ള സ്പെൽ ചെക്ക്

എന്തായാലും കേട്ടിടത്തോളം സംഗതി കൊള്ളാം !! വേവ്.ഗൂഗിൾ.കോമിൽ പോയി വേവുമ്പോൾ എന്നെക്കൂടി അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

വെബ് വിലാസം : http://wave.google.com/

അവലംബം :

Sunday, September 13, 2009

പിഡ്ജിന്‍ ഗൂഗിള്‍ വീഡിയോ/വോയ്സ് പിന്തുണ നല്കുന്നു .. !!


പിഡ്ജിന്‍ 2.6.1 ഉപയോഗിച്ച് ഗൂഗിള്‍ വീഡിയോ/വോയ്സ് ചാറ്റുകള്‍ ചെയ്യാന്‍ സാധിക്കും. ലിനക്സ് ഉപയോക്താക്കള്‍ വളരെ നാളുകളായി കാത്തിരിക്കുന്നു ഇതിനുവേണ്ടി. ഉബുണ്ടു ലിനക്സ് 9.04ല്‍ പരീക്ഷിച്ചു നോക്കി, വിന്‍ഡോസ് മെഷീനില്‍ നിന്നും ഇങ്ങോട്ട് വരുന്ന കോള്‍ എടുക്കാന്‍ സാധിക്കുന്നില്ല, പക്ഷെ അങ്ങോട്ട് വിളിച്ച് വിജയകരമായി സംസാരിച്ചു. നല്ല വോയ്സ് ക്ലാരിറ്റി ഉണ്ട്.

ഉബുണ്ടുവില്‍ 9.04 തൊട്ട് മുകളിലോട്ടുള്ള പതിപ്പുകളിലേ പ്രവര്‍ത്തിക്കൂ, മറ്റ് ലിനക്സ് പതിപ്പുകളില്‍ ശരിയായി പ്രവര്‍ത്തിക്കുമോ എന്നറിയില്ല, പരീക്ഷിച്ചു നോക്കണം.

ഡൌണ്‍ലോഡ്
പിഡ്ജിന്‍ 2.6.1 ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം
ഡെബിയന്‍,ഉബുണ്ടു ഉപയോഗിക്കുന്നവര്‍ക്കായി പ്രീകംപൈല്‍ഡ് പാക്കേജുകള്‍

വെബ് വിലാസം : http://pidgin.im/

അവലംബം : http://lazyubuntu.com/pidgin-260-released.html

Saturday, September 12, 2009

ഗൂഗിള്‍ സേര്‍ച്ചിന്റെ അടുത്ത തലമുറ

ഗൂഗിള്‍ സേര്‍ച്ചിന്റെ അടുത്ത തലമുറ അണിയറയില് ഒരുങ്ങുന്നു. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ അറിയാന്‍ ഒരു പ്രിവ്യൂ ലഭ്യമാണ്. സേര്‍ച്ചിനു വേണ്ടിയുള്ള ഗൂഗിളിന്റെ പുതിയ ആര്‍ക്കിടെക്റ്ററിന്റെ കോഡ് പേര്‍ കഫീന്‍(caffeine) എന്നാണ്

ഡെവലപ്പര്‍ പ്രിവ്യൂ
ഗൂഗിള്‍ കഫീന്‍ അധിഷ്ഠിത സേര്‍ച്ച് എന്‍ജിന്റെ ഡെവലപ്പര്‍ പ്രിവ്യൂ

വെബ് വിലാസം : http://www2.sandbox.google.com/

അവലംബം
http://googlewebmastercentral.blogspot.com/2009/08/help-test-some-next-generation.html